അഡ്വ. മനോജ്. മലപ്പുറം

രണ്ടാഴ്ച മുൻപ് നിശ്ചയിച്ച യാത്രാ പരിപാടി. രാത്രിയിലാണ് പുത്രി ട്രക്കിങ്ങിന് താല്പര്യം പ്രകടിപ്പിച്ചത്. വാസ്തവത്തിൽ പത്നിയുടെ നിർദ്ദേശം ആയിരുന്നു അത്. രാത്രിയിൽ തന്നെ രണ്ടുപേരുടെയും ട്രക്കിംഗ് ഗീറുകൾ ഒരുക്കി വെച്ചു.
സെറ്റ് ചെയ്തു വെച്ച അലാം നാലു മുപ്പതിന് പുലർകാലത്തെ ശബ്ദമുഖരിതമാക്കി. മടിപിടിച്ചുകിടന്ന പുത്രിയെ പൊക്കിയെടുത്തു. തയ്യാറെടുപ്പുകളുടെ വിട്ടു പോയ ഭാഗം പൂരിപ്പിച്ച് മലപ്പുറത്തുനിന്നും കാറിൽ മഞ്ചേരിയിലേക്ക്.
മഞ്ചേരിയിൽ 5.30 ന് എത്തിച്ചേരാം എന്ന് മൊറയൂരിലെ ശ്രീ ജിഷയും (വയനാട് നബാഡ് ഡിസ്ട്രിക്ട് ഡെവലപ്മെൻറ് മാനേജർ) സഹോദരിയും അറിയിച്ചിരുന്നു. മഞ്ചേരി പഴയ ബസ് സ്റ്റാൻഡിന് സമീപം എത്തി അല്പം കഴിഞ്ഞപ്പോഴേക്കും രണ്ടുപേരും എത്തിച്ചേർന്നതിന്റെ ഫോൺ സന്ദേശം. സഹോദരിക്ക് പകരം കസിൻ ശ്രീ അജിത്ത് ആണ് കൂടെയുള്ളത്.

മഞ്ചേരി കാരക്കുന്ന് പത്തിരിയാല്‍ തിരുവാലി നടുവത്ത് വെള്ളാമ്പുറം റെയിൽവേ അണ്ടർ പാസ് അമരമ്പലം പൂക്കോട്ടുംപാടം പൊട്ടിക്കല്ല് ടി കെ കോളനി വഴി ടി കെ കോളനി ഫോറസ്റ്റ് പോസ്റ്റിൽ ഏഴു മണിക്ക് എത്തിച്ചേർന്നു.
ഗൂഗിൾ എളുപ്പവഴിയായി കാണിച്ച റോഡ് അല്പം മോശമാണ്. തിരിച്ചുള്ള യാത്രയിൽ ഈ വഴി ഒഴിവാക്കാം.
കോട്ടപ്പുഴയുടെ കരയിലാണ് ഫോറസ്റ്റ് പോസ്റ്റ്. കാട്ടുനീർച്ചാലുകൾ സമ്മേളിച്ച് കോട്ടപ്പുഴയും കോട്ടപ്പുഴ പോലെ നിരവധി ചെറുകൈവഴികൾ ചേർന്നു ചാലിയാറും രൂപം കൊള്ളുന്നു.
പ്രധാന ഫോറസ്റ്റ് ഓഫീസുകളും മറ്റും സ്ഥിതിചെയ്യുന്നത് ചക്കികുഴിയിൽ ആണ്. പ്രാതൽ കഴിക്കേണ്ടതും ഉച്ചഭക്ഷണം പാക്ക് ചെയ്ത് എടുക്കേണ്ടതും അവിടെ നിന്നാണ്. യാത്ര ടി കെ കോളനി ഫോറസ്റ്റ് പോസ്റ്റിൽ നിന്നും ചക്കിക്കുഴി ഫോറസ്റ്റ് ഓഫീസിലേക്ക്.

പ്രാതലിനും ലഞ്ച് പാക്കിനും പുറമേ ട്രക്കിങ്ങിന് ഒരു ആമുഖവും ഇവിടെ നിന്ന് ലഭിച്ചു. ശ്രീ ഷാജി പി മാത്യു ട്രക്കിംഗ് നിബന്ധനകളും നയവും വ്യക്തമാക്കി. സംഘഅംഗങ്ങൾ എല്ലാവരും ഒരുമിച്ച് ചേർന്നത് ഇവിടെയാണ്. 26 പേരുണ്ട്. മുൻ ട്രക്കിങ്ങിൽ പരിചയപ്പെട്ട സുഹൃത്തുക്കൾ എത്തിയിട്ടുണ്ട്. വർഷങ്ങൾക്കുശേഷം ശ്രീ ജയ്സന്റിനെ (പെരിന്തൽമണ്ണയിൽ ഡെപ്യൂട്ടി താഹസിൽദാർ) ഇവിടെ വച്ച് കാണാനായി.
വീണ്ടും ടി കെ കോളനി ഫോറസ്റ്റ് പോസ്റ്റിലേക്ക്. ഇവിടെ നിന്നാണ് പ്രകൃതി പഠന ക്യാമ്പിന്റെ ആരംഭം. ശ്രീ അമീൻ (സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, കാളികാവ് റേഞ്ച്) കാടറിയേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു. കാളികാവ് റേഞ്ച് ആന കരടി കടുവ തുടങ്ങിയ എല്ലാ തരം മൃഗങ്ങളാലും സമ്പന്നമാണ്. കടുവ നിലനിൽക്കുന്നുണ്ടങ്കിൽ കാട്ടിൽ എല്ലാ തലത്തിലുമുള്ള സസ്യ ജീവജാലങ്ങൾ ഉണ്ടാവും എന്നും അതൊരു മികച്ച കാട് ആയിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. കാളികാവ് റേഞ്ച്, നിലമ്പൂർ റേഞ്ച് മായും തമിഴ്നാട്ടിലെ മുക്കുർതി ദേശീയ ഉദ്യാനവുമായും സൈലൻറ് വാലി ദേശീയ ഉദ്യാനവും ആയും അതിർത്തികൾ പങ്കിടുന്നു.

22 മുതൽ 65 വയസ്സ് വരെ പ്രായമുള്ളവരുടെ 31 അംഗ സംഘം 10 മണിക്ക് ടി കെ കോളനി ഫോറസ്റ്റ് പോസ്റ്റിൽ നിന്നും യാത്ര ആരംഭിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ശ്രീ വിനോദ് (പ്രോഗ്രാം കോഡിനേറ്റർ) ശ്രീ യാസിർ, വനസംരക്ഷണ സമിതിയിലൂടെ ഗൈഡ് മാരായ ശ്രീ ബിജു, ശ്രീ ബാബുരാജ്, ശ്രീ ടോമി എന്നിവർ ആണ് കൂടെ ഉള്ളത്.
ഇപ്പോൾ ജീപ്പ് പാതയിലൂടെയാണ് യാത്ര. മുൻപ് ഇതിലെ ഇടതടവില്ലാതെ കാട്ടിലെ പ്രധാന മരങ്ങളുമായി ലോറികൾ ട്രിപ്പ് അടിച്ചിട്ടുണ്ട്. മരം മുറി നിരോധിച്ചതോടെ ലോറികളുടെ ഇരമ്പലുകൾ അവസാനിച്ച്കനത്ത നിശബ്ദതയിലൂടെയാണ് യാത്ര. ഗൈഡുകളിൽ ഒരാൾ എപ്പോഴും 50 മീറ്റർ എങ്കിലും മുൻപിലായി സഞ്ചരിച്ച് നിരീക്ഷണം നടത്തിക്കൊണ്ടിരുന്നു. ഒരാൾ, ട്രക്ക് ലീഡ് ചെയ്ത ശ്രീ ദീപികക്ക് ഒപ്പം ഏറ്റവും മുന്നിലെ നിരയിൽ. മറ്റൊരാൾ സംഘത്തിൻറെ മധ്യത്തിൽ ഒരു ബീറ്റ് ഫോറസ്റ്റ് ഓഫീസറോട് ഒപ്പവും മറ്റൊരു ബീറ്റ് ഫോറസ്റ്റ് ഓഫീസർ സംഘത്തിൻറെ ഏറ്റവും പുറകിൽ അവസാനത്തെ ബോഗിയോടൊപ്പം സഞ്ചരിച്ചു.

സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെയും വനവിശേഷങ്ങൾ വിശദീകരിച്ചുമുള്ള സംഘടിത നീക്കം. ഈറ്റമുളം കാടുകൾ പിന്നിട്ട് വലത്തോട്ട് കോട്ടപ്പുഴയിലേക്കുള്ള വഴി ഒഴിവാക്കി ഇടതുഭാഗത്തെ കൂടുതൽ ഇടതൂർന്ന കാടുകളിലേക്ക് യാത്ര പുരോഗമിച്ചു. മുൻ ലോറി പാത പലയിടത്തും ഇടിഞ്ഞും മരങ്ങൾ വീണ് തടസ്സപ്പെട്ടും കിടന്നു. നിരപ്പിൽ നടന്നും കയറ്റം കയറിയും സംഘം മുന്നോട്ടു പോകുംതോറും കാടും അടിക്കാടും കനത്തുവന്നു. ഇടയ്ക്ക് വിശ്രമിച്ചും ദാഹം അകറ്റിയും സ്നാക്സ് ഷെയർ ചെയ്തും യാത്ര മുന്നേറി. വഴിക്ക് കുറുകെ ഒഴുകുന്ന കാട്ടുനീർ ചോല അരികുകൾ വിശ്രമ കേന്ദ്രങ്ങളായി.

മുൻ ലോറിപാതയുടെ വീതി കുറഞ്ഞ് ഇപ്പോൾ ഒറ്റയടിപ്പാതയാണ്. ഇതിനിടയിൽ വനവാസികൾ കുന്തിരിക്കം ശേഖരിക്കുന്ന മരം വിവിധ മരകൂനുകൾ അങ്ങനെ കാഴ്ചകൾ പലതും. വീണു കിടക്കുന്ന ഇലകൾക്ക് പോലും പ്രത്യേക നിറഭംഗി. സൂര്യരശ്മികൾ കാര്യമായി ഒന്നും താഴേക്ക് എത്തുന്നില്ല. കടുത്ത ചൂടുകാലത്തും സുഖകരമായ അന്തരീക്ഷം.
കാട്ടരുവിയുടെ കളകളആരവം കാതുകളിൽ ശക്തി പ്രാപിച്ചതോടെ വളരെ ട്രിക്കിയായ ഒരു ഇറക്കം പ്രത്യക്ഷപ്പെട്ടു. ട്രക്കിംഗ് ഗിയറുകളുടെ കാര്യക്ഷമതയും വ്യക്തികളുടെ മനോബലവും പരിശോധിക്കുന്ന ഒന്ന്. അതിനെ അതിജീവിച്ച് എത്തിയത് അപ്രതീക്ഷിതവും ചരിത്രപ്രധാനവുമായ ഒരിടത്തേക്ക് ആണ്. വനവാസികളായ ചോലനായ്ക്കർ താമസിച്ചിരുന്ന അള. പെട്ടെന്ന് തുറസ്സായ ഒരു സ്ഥലത്തേക്ക് എത്തുന്ന പ്രതീതി ആണ് ഇവിടെ.

തള്ളിനിൽക്കുന്ന വലിയ ഒരു പാറ, വിശാലവും പ്രകൃതിദത്തവുമായ താമസസ്ഥലം ഒരുക്കിയിരിക്കുന്നു. ദീർഘകാലം ചോലനായ്ക്കർ താമസിച്ച സ്ഥലമാണിത്. ഹണ്ടർ ഗാതറർ വിഭാഗത്തിന് തികച്ചും അനുയോജ്യമായ താമസസ്ഥലം. അപായപ്പെടുത്താൻ അക്രമികൾക്കും മൃഗങ്ങൾക്കും മുന്നിലൂടെ തന്നെ വന്നേതിരൂ. തൊട്ടുമുന്നിൽ കോട്ടപ്പുഴ. വലിയ പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകിയെത്തുന്ന തെളിനീർ കൂറ്റൻ പാറകൾ തടഞ്ഞുനിർത്തിയിരിക്കുന്നു. ഒരാൾ ആഴത്തിലുള്ള കുളം രൂപപ്പെട്ടിരിക്കുന്നു. അത് നിറഞ്ഞ് ജലം വീണ്ടും താഴോട്ട്. ജലസമൃദ്ധിയും പാറമടയും ആദ്യപാർശ്വവൽകൃത സമൂഹത്തെ ഇവിടെ താമസമാക്കാൻ പ്രേരിപ്പിച്ചിരിക്കണം. ഇപ്പോൾ അള വവ്വാലുകളുടെ താവളമാണ്.
കോട്ടപ്പുഴയുടെ മന്ത്ര മധുര ശബ്ദമാസ്വദിച്ചുകൊണ്ട് ഉച്ചഭക്ഷണം. ഒരുതരത്തിലും പുഴ മലിനമാക്കാതെ സംഘം. പലരും തെളിനീർ കുടിനീരായി ശേഖരിച്ചു. ഇവിടെ ഒത്തുചേർന്ന് ചെറു പ്രചോദനാത്മക സംസാരങ്ങളും ചർച്ചകളും. ചോലനായ്ക്കർ സംഘം ഇവിടെ ഇതുപോലെ ഒത്തുചേർന്ന് കൂടിയാലോചനകൾ നടത്തിയിട്ടുണ്ടാവും, ദീർഘകാലം.

കനത്ത പാറക്കെട്ടുകളിലൂടെ പുഴ കുറുകെ കടന്ന് മടക്കയാത്ര. കോട്ടപ്പുഴയെ 50 മീറ്റർ താഴെ കണ്ടുകൊണ്ട് മലയുടെ ചെരുവിലെ ഒറ്റയടി പാതയിലൂടെ വേണം നടക്കാൻ. പാതയിൽ പലയിടത്തും ഒരു കാൽവെക്കാൻ മാത്രം സ്ഥലം. തെന്നി താഴെ പതിക്കാതെ നോക്കണം. ചില ട്രിക്കി വളവുകളും തിരിവുകളും ഇറക്കങ്ങളും ഈ പാതയിലും ഉണ്ട്. കുത്തനെയുള്ള ഇറക്കം വീണ്ടും മറ്റൊരു കാട്ടുചോലയുടെ പാറക്കെട്ടുകളിൽ അവസാനിച്ചു.
മുന്നിലെ വൈദ്യുതി വേലി കടക്കുന്നത് കവുങ്ങിൻ തോട്ടത്തിലേക്ക്ആണ്. വനത്തിനുള്ളിലെ സ്വകാര്യ പ്ലാന്റേഷനുകൾ. ചെറിയ ഓറഞ്ചിന്റെ വലിപ്പത്തിൽ പവിഴനിറ പഴുക്കടയ്ക്കകൾ. കവുങ്ങിൻതലപ്പിന്റെ ഉൾക്കാമ്പുകൾ (ചെറുമധുരം ഉണ്ടെന്നു പറയുന്നു) കഴിക്കാൻ ആനകൾ ചവിട്ടി മറിച്ചിട്ട കവുങ്ങുകൾ. അല്പം ഡ്രൈ ആണ് ഈ പ്രദേശം. ഇവയ്ക്കിടയിലൂടെയുള്ള ദീർഘമായ നടത്തം വീണ്ടും കോട്ട പുഴയുടെ തീരത്ത് എത്തിനിന്നു.
ഇവിടെ ഒരു സമയം 5 പേർക്ക് മാത്രം കയറാവുന്ന ചെറു ഇരുമ്പ് തൂക്കുപാലം. ഇത് കടന്നു രാവിലെ വഴി തിരിഞ്ഞ ജീപ്പ് പാതയിൽ തിരിച്ചെത്തുന്നു. വന്ന വഴിയിലൂടെയാണ് ഇനിയുള്ള യാത്ര.
വനമാണ് ചുറ്റും. ഈറ്റക്കാടുകളും. അല്പം നടന്നതോടെ നിശബ്ദരാവൻ നിർദ്ദേശം. നീക്കം പതിയെയായി. ഇവിടെ ഇടത്തോട്ട് ഒരു പാത കാണാം. സംഘം അവിടെ ഒരുമിച്ചു നിന്നു. 30 മീറ്റർ മുമ്പിൽ ഗൈഡ് ശ്രീ ടോമി. അദ്ദേഹം പെട്ടെന്ന് തിരിച്ചു നടന്ന് അടുത്തെത്തി അറിയിച്ചു, ആനക്കൂട്ടം ഈറ്റകൾക്ക് പിന്നിലായി വഴി വക്കിൽ നിൽക്കുന്നു.
വഴി മുറിച്ച് കടന്ന് പുഴയിലേക്ക് വെള്ളത്തിനായി പോകലാണ് പതിവ്. മനുഷ്യസാന്നിധ്യം മനസ്സിലാക്കി വഴിയിലൂടെ സംഘത്തിന് നേരെ വന്നേക്കാം. അങ്ങനെ വന്നാൽ സംഘത്തിന് നേരെ പോകാൻ ആവില്ല. ഇടതുവശത്തെ വഴിയിലൂടെ പെട്ടെന്ന് നീങ്ങണം. പുഴ മുറിച്ച് കടന്നു മറ്റൊരു വഴിക്ക് ഫോറസ്റ്റ് പോസ്റ്റിൽ എത്തിച്ചേരാം. ഫോറസ്റ്റ് ഓഫീസർ പതിയെ പറഞ്ഞു.

പൂർണ്ണ നിശബ്ദത. 10 മിനിറ്റ്. 30 - 40 മീറ്റർ മാത്രം അകലെ ആനക്കൂട്ടം ജീപ്പ് റോഡിലേക്ക് ഇറങ്ങി നിന്നു. യാത്ര സംഘവുമായി മുഖാമുഖം. 5 മിനിറ്റ് നേരത്തെ നിൽപ്പ്. ഒടുവിൽ റോഡ് മുറിച്ചു കടന്ന് ആനസംഘം മറുവശത്തെ ഈറ്റക്കാട്ടിലേക്ക്.
സംഘത്തിന് നീങ്ങാൻ അനുമതി ലഭിച്ചിട്ടില്ല. ഗൈഡ് ശ്രീ ടോമി മുന്നോട്ട് ആനകൾ നിന്നിടം വരെ പോയി നിരീക്ഷണം നടത്തുന്നു. ജീവൻ പണയം വെച്ചുള്ള നിരീക്ഷണം. പരിസരത്ത് ആനകൾ ഇല്ല എന്ന് ഉറപ്പാക്കി മനുഷ്യസംഘത്തിന് മുന്നോട്ടുപോകാൻ സിഗ്നൽ. ശ്വാസത്തിന്റെ ശബ്ദം പോലും കേട്ടത് അതിനുശേഷം ആണ്. പിന്നീട് ഫോറസ്റ്റ് പോസ്റ്റ് വരെയുള്ള നടപ്പ് എക്സ്ട്രാ ഡീസന്റ് ആയിരുന്നു.
വൈകിട്ട് 5 മണിക്ക് ടി കെ കോളനി ഫോറസ്റ്റ്പോസ്റ്റിൽ.13 കിലോമീറ്റർ യാത്ര അവസാനിച്ചിരിക്കുന്നു. ഇപ്പോൾ ലഭിച്ച ചായയ്ക്കും ബിസ്ക്കറ്റിനും മികച്ച രുചിയാണ്. ഓഫീസിനു മുന്നിൽ കൂടിയിരുന്നു നേച്ചർ ക്യാമ്പിന്റെയും ട്രക്കിങ്ങിന്റെയും അവലോകനം നടത്തി.

ഫോറസ്റ്റ് ഓഫീസർമാരുടെയും ഗൈഡുകളുടെയും നിരീക്ഷണം കരുതൽ അർപ്പണ മനോഭാവം തുടങ്ങിയവ എടുത്തുപറയേണ്ടതാണ്. അവർക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. ഇത്തരം ഒരു നേച്ചർ ക്യാമ്പ് ആവിഷ്കരിച്ച് നടപ്പാക്കുന്ന കാളികാവ് ഫോറസ്റ്റ് റേഞ്ച് ഓഫീസിന് അഭിനന്ദനങ്ങൾ.
മലപ്പുറം ജില്ലയിലെ കാളികാവ് ഫോറസ്റ്റ് റേഞ്ചിൽ നേച്ചർ ക്യാമ്പുമായി ബന്ധപ്പെട്ട് ഇത്തരമൊരു യാത്ര പരിപാടി കണ്ടെത്തി വിജയകരമായി നടപ്പാക്കിയത് ഗ്ലോബ് ട്രക്കേഴ്സ് ആണ്. യുണൈറ്റഡ് നേഷൻസിന്റെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ പാർട്ണർ അഫിലിയേഷൻ ഉള്ള 28 സംഘടനകളിൽ ഒന്നാണ് ഗ്ലോബ് ട്രക്കേഴ്സ്. മൂന്നുവർഷമായി ട്രക്കിംഗ് ഉൾപ്പെടെയുള്ള വിവിധ പരിപാടികൾ സംഘടിപ്പിക്കുന്ന ഗ്ലോബ് ട്രക്കേഴ്സ് ഓഫീസ് വയനാട് കൊളഗപ്പാറയിലാണ്. 90 ആമത്തെ പരിപാടിയാണ് കരിമ്പുഴ ട്രക്കിംഗ്.

സഹയാത്രിക ശ്രീ ജിഷ ഷൊർണൂരിലേക്കുള്ള വാഹനത്തിൽ യാത്രയായി. പുത്രിയും അജിത്തുമായി ടി കെ കോളനി പൊട്ടിക്കല്ല് പൂക്കോട്ടുംപാടം അമരമ്പലം വാണിയമ്പലം വണ്ടൂർ തിരുവാലി വഴി മഞ്ചേരിയിൽ.
അജിത്തിനെ ഇവിടെ ഡ്രോപ്പ് ചെയ്തു. നേരെ മലപ്പുറം. 13 കിലോമീറ്റർ കാളികാവ് വനത്തിലൂടെ നടന്നതിന്റെ ക്ഷീണമില്ല. പുത്രിയും തൃപ്ത.
(വി എം മനോജ്, അഡ്വക്കേറ്റായി മലപ്പുറത്ത് സേവനം ചെയ്യുന്നു. കേരള ആരോഗ്യവകുപ്പില്‍ നിന്നും വിരമിച്ചതിന് ശേഷമാണ് പ്രക്ടീസ് തുടങ്ങിയത്. നിരന്തരം യാത്രകളും ട്രക്കിംഗുകളും നടത്തുക്കയും അത്തരം അനുഭവങ്ങള്‍ വിവിധ മാധ്യമങ്ങളില്‍ പങ്ക് വെയ്കുകയും ചെയ്തുവരുന്നു.)
Comments