ചില കാര്യങ്ങൾ അങ്ങിനെയാണ്. ചില യാത്രകളും. കേൾക്കാൻ കൊതിക്കുന്ന വാക്കുകളും വാചകങ്ങളും അപ്രതീക്ഷിതമായ ഏതോ ഒരു കോണിൽ നിന്നും ആൾക്കൂട്ടത്തിന്റെ ബഹളങ്ങൾക്കിടയിൽ നിന്ന് പോലും അത് തന്നെ തേടിയാണ് ഉച്ഛരിക്കപ്പെട്ടതെന്നു തിരിച്ചറിയുന്ന അസുലഭതകളെ സമ്മാനിക്കുന്ന നിമിഷങ്ങൾ ഓരോ യാത്രയിലും ഉണ്ടായിട്ടുണ്ട്. ഹെമിംഗവേ തന്റെ അമ്പതാം വയസ്സിൽ എഴുതിയ Across the River and into the Trees എന്ന പുസ്തകം യുദ്ധം കഴിഞ്ഞു തിരിച്ചെത്തിയ പ്രായം ചെന്ന ഒരു കേണലിന്റെ കഥയാണ് പറയുന്നത്. ഹെമിംഗവേയുടെ മൃദുലരചനകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ഈ കൃതിക്കു പക്ഷെ ഒരു. ഭാവഗാനത്തിന്റെ മനോഹാരിതയുണ്ട്.

ഇത്രയും പറയാൻ കാരണം കരിമ്പുഴ ട്രെക്കിൽ നമ്മുടെ കൂട്ടത്തിലുണ്ടായിരുന്ന. അമീൻ എന്നോട് പറഞ്ഞ ഒരു പക്ഷെ എന്നോട് മാത്രം പറഞ്ഞ പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക് എന്ന കാല്പനികതയെപ്പറ്റിയാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ടി പത്മനാഭൻ തന്റെ കഥ തുടങ്ങുന്നതിങ്ങനെയാണ്. പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക് -ഒരു പ്രത്യേകതയുമില്ലാത്ത സാധാരണ വാക്കുകൾ - വാക്കുകളുടെ പിറകിലുള്ള ദൃശ്യങ്ങളും തീർത്തും സാധാരണം -എന്തെങ്കിലും സവിശേഷമായ ഒരർത്ഥം അവയ്ക്കുണ്ടെന്നു ആർക്കും തോന്നാനുമിടയില്ല. പക്ഷെ എന്നിട്ടും എന്തേ കഴിഞ്ഞ ഒട്ടേറെ വര്ഷങ്ങളായി ഈ. പുസ്തകത്തിന്റെ പേര് മനസ്സിനെ വേട്ടയാടിക്കൊണ്ടിരിക്കുന്നത് -വേട്ടയാടൽ എന്നു പറഞ്ഞാൽ പൂർണമായും ശരിയാകുമോ എന്ന സംശയമുണ്ട്. ഇവിടെ വേദനിപ്പിക്കൽ മാത്രമല്ല ആഹ്ലാദിപ്പിക്കലും അത്ഭുതപ്പെടുത്തലുമൊക്കെയുണ്ടല്ലോ.

കഥയവസാനിക്കുന്നതിങ്ങനെയാണ്. പിന്നീട് ഏറെകഴിഞ്ഞ് ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് വണ്ടി ഉയരങ്ങളിലേക്ക് കയറാൻ തുടങ്ങിയപ്പോൾ അയാൾ പിൻസീറ്റിൽ കണ്ണടച്ച് കിടക്കുകയായിരുന്നു പക്ഷെ അയാൾ അപ്പോഴും ഉറങ്ങിയിരുന്നില്ല. അയാൾ സ്വപ്നം കാണുകയായിരുന്നു. അയാളുടെ സ്വപ്നത്തിൽ അപ്പോൾ ഒരിക്കലും കണ്ടിട്ടില്ലാത്ത തിരുനെല്ലിയിലെ ഇടതൂർന്ന കാടുകൾക്കും പുഴയ്ക്കും പുറമെ ഒരിക്കൽ അയാളെ ഗാഡമായി സ്നേഹിച്ച ഒരു പെൺകുട്ടിയുമുണ്ടായിരുന്നു.

വായനയും പുസ്തകങ്ങളും മരിക്കുകയാണ് എന്ന മുറവിളികൾക്കിടയിൽ ചെറുപ്പക്കാരനായ അമീൻ കോട്ടപ്പുഴയിലെ മുട്ടിയാളത്തെ കുളി കഴിഞ്ഞ് പുഴയ്ക്ക് അക്കരെയുള്ള നിത്യഹരിതത്തിലേക്ക് ഊളിയിടുന്നതിനുമുൻപ് പറഞ്ഞ വാക്കുകൾ വായന മരിച്ചിട്ടില്ലെന്നും സർഗ്ഗാത്മകത ഉണർത്താനുള്ള പ്രകൃതിയുടെ തിരഞ്ഞെടുത്ത സമയക്രമങ്ങളിൽ ഒന്ന് മാത്രമാണ് വാക്കുകളായി ഓർമകളായി അവിടെ വാർന്നുവീണതെന്നുമുള്ള സന്തോഷം ഞാനിവിടെ പങ്ക് വെയ്ക്കട്ടെ

മാത്യു ഒ ജെ, സുല്‍ത്താന്‍ ബത്തേരി
Comentarios