top of page

കരിമ്പുഴ അനുഭവങ്ങള്‍ Karimbuzha experiences

         നമസ്കാരം

              ചുമ്മാ അനിയനെ ( ജയ്സൻ്റ്) വിളിച്ചപ്പോഴാണ് അവൻ പറഞ്ഞത് TK Colony യിൽ നിന്ന് തുടങ്ങുന്ന ഒരു ട്രക്കിംഗ് ഉണ്ട് പോരുന്നോ , കുഞ്ഞിക്കൊച്ചേട്ടനും ചെറ്യേടത്തീം (ജോർജ് മാത്യു, ഷേർളി E K ) വരുന്നുണ്ട് എന്ന് . അവരുടെ ട്രക്കിംഗ് ഫോട്ടോകളും കഥകളും കേട്ട് രോമാഞ്ചം കൊണ്ടിരിക്കുമ്പോഴാണ് ഈ വാർത്ത വരുന്നത് . മേലുകീഴാലോചിച്ചില്ല, ലിങ്കിൽ കയറി സീറ്റുറപ്പിച്ചു.



                  അതു കഴിഞ്ഞ് GT യിൽ നിന്നും വിളിവന്നു നല്ല ടഫ് ആണ് , ഒരുപാട് നടക്കാനുണ്ട് ,ഫിസിക്കലി ഫിറ്റാവണം, അങ്ങനെ കുറേ ...ഞാനൊന്നന്തംവിട്ടെങ്കിലും നടക്കാനും ഫിറ്റാകാനും തീരുമാനിച്ചു. പിന്നെ വരുന്നോടത്തു വച്ചു കാണാമെന്നും കരുതി

                     9 ന് രാവിലെ 7 ന് തന്നെ ഞാനും അനിയനും കൂടി ബൈക്കിന് പുറപ്പെട്ടു. ഞങ്ങൾ ചോക്കാട് നിന്നും 40 സെൻ്റ് എന്ന സ്ഥലത്തു കൂടി TK Colony യിലേക്ക് വച്ചു പിടിച്ചു . 40 സെൻ്റ് കഴിഞ്ഞ് അല്പം കഴിഞ്ഞപ്പോ റോഡിന് കുറുകേ ആനക്കൂട്ടം നിരന്നുനിൽക്കുന്ന പോലെ ടാർ വീപ്പകൾ- റോഡ് ബ്ലോക്ക് - ടാറിംഗ് കഴിഞ്ഞ് വണ്ടികൾ കടത്തിവിടാൻ തുടങ്ങീട്ടില്ല . തിരിഞ്ഞു പോകണേൽ പൂക്കോട്ടുംപാടം എത്തണം, കുറഞ്ഞത് 12 കി.മി. ഒട്ടും മടിച്ചില്ല, ബൈക്ക് അടുത്ത റബ്ബർ തോട്ടത്തിൽ സൈഡാക്കി ഞങ്ങടെ ട്രക്കിംഗ് ആരംഭിച്ചു . 3 കി മി നടന്ന് TKColony എത്തിയപ്പോഴാണറിയുന്നത് അന്നദാനം ചക്കിക്കുഴിയിലാണെന്ന് . ഒരു ഓട്ടോയിൽ ചക്കിക്കുഴിയിലേക്ക്.

            ട്രക്കിംഗിൻ്റെ ആരംഭത്തിലെ പരിചയപ്പെടുത്തലു കഴിഞ്ഞപ്പോഴാണ്  ഞങ്ങളെത്തിയത് . എന്തായാലും ഷാജി സാറിൻ്റെ ഉപദേശവും നിർദ്ദേശങ്ങളും ഭക്ഷണവും കിട്ടി അത്യാവശ്യം തട്ടി . കിട്ടിയ വണ്ടിയിൽ കയറി , നേരെ TK Colony യിലെ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് .......



                  അവിടെ എത്തുമ്പോ വീണ്ടും കസേര നിരത്തുന്നു , ഇനിയും ക്ലാസോ .......എന്തായാലും ഒരു സീറ്റൊക്കെ പിടിച്ച് ഗമയിലിരുന്നു , കാരണം ആരേം പരിചയമില്ലല്ലോ .

            അമീൻ സാറിൻ്റെ മുഖത്തെ ഭാവം പോലെയായിരുന്നില്ല പുറത്തു വന്ന സരസമായ എന്നാൽ ഗൗരവതരമായ വാക്കുകൾ . ഞാൻ ചെറിയ ക്ലാസിൽ പഠിച്ച പ്രാണിയും മീനും തവളയും പാമ്പും പരുന്തുമൊക്കെയുള്ള eco system ആണ് ഒറിജിനൽ എന്നു കരുതിയിരിക്കുമ്പോഴാണ് അദ്ദേഹം കടുവയിൽ തുടങ്ങുന്ന ആവാസവ്യവസ്ഥയെക്കുറിച്ച് പറയുന്നത് . അതൊരു വലിയ അറിവു തന്നെയായിരുന്നു . അദ്ദേഹത്തിന്റെ ക്ലാസും ചർച്ചകളും ഒക്കെ കഴിഞ്ഞപ്പോഴേക്കും വനത്തെയും പുഴയെയും മരങ്ങളെയും മൃഗങ്ങളേയും പക്ഷികളേയും പറവകളേയും ഒക്കെ കണ്ടിരുന്ന കണ്ണട മാറ്റിവയ്ക്കേണ്ടി വന്നു .

                 കാട്ടിൽ അനുവർത്തിക്കേണ്ട രീതികൾ കേട്ടപ്പോൾ അടിച്ചു പൊളിക്കാൻ വന്ന എനിക്ക് അടി കിട്ടിയതു പോലെയായി . കൂവി വിളിച്ച്, വലിയ പാറകളിൽ കയറി, വള്ളികളിലൂഞ്ഞാലാടി , കുന്നുകളിൽ നിന്ന് താഴേക്ക് കല്ലുരുട്ടി, ഓട കൊണ്ട് വിസിലുണ്ടാക്കി അർമാദിക്കാൻ വന്ന ഞാൻ.............



                 അവിടെ നിന്നും 5 പേർ (ഫോറസ്റ്റ് ഉദ്യോഗസ്ഥർ ) ഞങ്ങളുടെ കൂടെ കൂടി . അവർക്കും ഓരോ ഡ്യൂട്ടി ഉണ്ട് ഞങ്ങളെ കാട്ടിലേക്ക് നയിക്കുക, കാട്ടിലൂടെ നടത്തുക, കാട്ടിൽ നിന്നും തിരിച്ചെത്തിക്കുക. അതവർ 100% വും നിർവ്വഹിച്ചു . നന്ദി ;നന്ദി ;നന്ദി.

                       നടത്തം തുടങ്ങിയപ്പോഴേ താങ്ങിനായി ഞാനൊരു വടിയെടുത്തു .  കാട്ടിലെ ഒരു പാതയിലൂടെ നടക്കുന്ന പ്രതീതി . വലിയ കാട് വരുമെന്ന പ്രതീക്ഷയിൽ നടക്കുമ്പോഴാണ് മുന്നിൽ പോയ ടോമിച്ചായൻ ചുണ്ടിൽ വിരൽ ചേർത്ത് ശൂ :  :    എന്ന അപായ സൂചന തന്നത് . മുന്നിൽ കാട്ടാനയുടെ ചെവിയടി യൊച്ച കേട്ടത്രെ . പിന്നെ എല്ലാവരും നല്ല ശ്രദ്ധയിലായിരുന്നു . അതിൻ്റെ ഭയത്തിൽ നിശബ്ദരായി കുറച്ച് ദൂരം എല്ലാവരും ഒരുമിച്ച് നടന്നു

                   പിന്നീട് അക്കാര്യമെല്ലാവരും മറന്നു, നടത്തം തുടർന്നു ലോറികൾ വരെ പോകുന്ന പാതയിലൂടെ നടന്നപ്പോ ഒരു" കാടനുഭവം" കിട്ടിയില്ല. ഇടക്കൊരു ജീപ്പ് വരുന്നു അതിന് സൈഡ് കൊടുക്കുന്നു . എനിക്കു തോന്നിയതാണോ എന്തോ എല്ലാവരുടേം മുഖഭാവത്തിൽ "ഇതെന്തര് കാട്" എന്ന ഭാവമായിരുന്നു. പക്ഷേ അല്പം കൂടി കഴിഞ്ഞപ്പോൾ വനത്തിൻ്റെ ഭാവം മാറി, വഴിയുടേം .



                 ഇടതൂർന്ന വന്മരങ്ങളും ചെറുമരങ്ങളും വള്ളികളും മുളകളും കൂടി വെയിലിനെ ഭൂമിയിലേക്കെത്തിക്കുന്നില്ല. കൂറ്റൻ മരങ്ങളിൽ നിന്നും തൂങ്ങിക്കിടക്കുന്ന നീളൻ വള്ളികൾ അവർ പാമ്പിൻ്റെ രൂപത്തിലുള്ളവരും തിരയടിക്കുന്ന തരത്തിലുള്ളതും ഊഞ്ഞാലുപോലെയുമൊക്കെ ആകൃതികൾ രചിച്ചു. ഇടക്ക് കുന്തിരിക്കം മരവും മൂട്ടിപ്പുളിയും തവള മരവുമൊക്കെ ഞങ്ങളുടെ കണ്ണിന് കുളിർമ്മയായി . അതിലേറെ സൗന്ദര്യത്തോടെ ഈ മരങ്ങൾ ഞങ്ങൾക്ക് കടന്നുപോകാൻ പച്ച, ചുവപ്പ്, കറുപ്പ്, മഞ്ഞ ,ബ്രൗൺ ഒക്കെ കളറുകളിൽ മെത്ത വിരിച്ചു തന്നു. അതിലുമേറെ പതുപതുത്ത മണ്ണിലൂടെ ചവിട്ടി നടക്കുന്നതെന്തു രസം, എന്തു സുഖം

                  ഇടക്ക് വലിയ പാറയുടെ ഇടയിലൂടെ ഒഴുകുന്ന അമൃത ജലം കുടിച്ച് ദാഹവും ക്ഷീണവുമകറ്റി ഒപ്പം നല്ല കറുത്ത മുന്തിരിയുമായി ഒരു സുഹൃത്ത് എല്ലാർക്കും മുമ്പിലെത്തി. വീണ്ടും പലരും ഓറഞ്ചും അണ്ടിപ്പരിപ്പും ബദാമുമൊക്കെയായി എല്ലാവരിലും നിറഞ്ഞു.

         സുസ്മേരവദനനായി ഓടിനടന്ന് ഫോട്ടോ എടുക്കുന്ന ശ്രീ സുസ്മിത് എല്ലാവരുടെയും അടുത്തെത്തി സെൽഫിയുമെടുത്തു. പിമ്പൻമാരായവരെക്കാത്ത് ഇടക്കിടക്ക് മുമ്പൻ മാർ കാത്തുനിന്ന് ഒപ്പമെത്തിച്ചു

                  വീണ്ടും കുത്തനെയുള്ള ചില കയറ്റങ്ങൾ അവസാനം അതിനെയൊക്കെ പുറകിലാക്കുന്നതരത്തിലുള്ള രണ്ടിറക്കങ്ങളും , ഇപ്പോഴാണ് ഒരു ട്രെക്കിംഗിൻ്റെ ശൈലിയിലേക്കെത്തിയത് . എല്ലാവരും അത്യാവശ്യം മടുത്തതുകൊണ്ടും കിഴുക്കാംതൂക്കായ ഇറക്കവും കാരണം ശക്തൻമാർ ബലഹീനരെ സഹായിക്കുന്ന രംഗവും കാണാനായി . ആ ഇറക്കം നേരെ ചെന്ന് മുമ്പ് മനുഷ്യൻ ജീവിച്ചിരുന്നതും ഇപ്പോൾ വവ്വാലുകൾ താമസമാക്കിയതുമായ ഒരു വലിയ ഗുഹാസമാനമായ സ്ഥലത്തെത്തിച്ചു. വവ്വാലുകൾ വിത്തുകൾ ഭക്ഷിച്ച ശേഷം ഉപേക്ഷിച്ച തോടു കൊണ്ട് അലംകൃതമായ ഗുഹ. ഗുഹ എന്ന് പറയാമോ... ഇല്ല ....... ഒരു വലിയ പാറയുടെ അടിയിൽ മഴ കൊള്ളാതെ നിൽക്കാൻ പറ്റുന്ന ഏതാണ്ട് 750 സ്ക്വയർ ഫീറ്റ് സ്ഥലം . അതിന് തൊട്ടുതാഴെ പ്രകൃതി നിർമ്മിച്ചിരിക്കുന്ന ഒരു സുന്ദരൻ കുളിക്കടവും......... ആനന്ദലബ്ദിക്കിനിയെന്തു വേണം .........



                    കുറേപ്പേർ അവിടെ നീരാടി നിർവൃതി പൂണ്ടു ഞങ്ങളത് കണ്ട് സന്തോഷിച്ചു . കുളിയൊക്കെക്കഴിഞ്ഞപ്പോ എല്ലാവർക്കും വിശന്നു . ടിഫിനിലാക്കിയ ഭക്ഷണവും കഴിച്ച് ഒരു തുള്ളി waste പോലും അവിടെയിടാതെ എല്ലാം ടിഫിനിലാക്കി വിശ്രമവും കഴിഞ്ഞ് പുഴ മുറിച്ചു കടന്ന് അടുത്ത വഴിയിലൂടെ തിരിച്ചിറങ്ങാൻ തുടങ്ങി .

           അതും വളരെ വിഷമം പിടിപ്പിച്ചത് എന്ന് പറയാം, വലിയ ഒരു ചെരുവിൻ്റെ ഒത്ത നടുക്കുള്ള ഒറ്റയടിപ്പാതയിലൂടെ വളരെ സൂക്ഷിച്ച് സമീപത്തുള്ള മരങ്ങളും വള്ളികളും ഒക്കെ ഉപയോഗിച്ച് സാവധാനമുള്ള ഇറക്കം. എന്നാൽ കുറച്ച് സ്ഥലം നിരന്നതുമുണ്ടായിരുന്നു . നേരെ എതിർ വശത്തേക്ക് നോക്കുമ്പോൾ കയറി വന്ന മലയും വനവും അതീവ സ്നേഹത്തോടെ ഞങ്ങളെ നോക്കി നിൽക്കുന്നു . അവിടെകൂറ്റൻ ബൊക്കെ പോലെ വെള്ളപ്പൂക്കൾ വിടർത്തി നിൽക്കുന്ന മരങ്ങളും, ചുവപ്പ് മഞ്ഞ ഇളംപച്ച നിറങ്ങളിൽ തളിരിട്ട് കാറ്റത്താടി നിൽക്കുന്ന മരങ്ങളും താഴെ പാറക്കൂട്ടങ്ങളിൽ തട്ടി ലല്ലലം പാടി ഒഴുകുന്ന പുഴയും ഞങ്ങളെ തിരിച്ചു വിളിക്കുന്നുണ്ടെന്ന് തോന്നി.



                 യാത്ര അതികഠിനമായ ഒരിറക്കത്തിലെത്തി അതൊരു കമ്പി കൊണ്ടുള്ള അതിർത്തിയിലെത്തി ഒരു തോടുകൂടി കടന്നതോടെ കാട്ടിൽ നിന്നും വനത്തിൽ തന്നെയുള്ള ഒരു കമുകിൻതോട്ടത്തിൽ കടന്നു. ട്രേസ് ചെയ്ത് വെട്ടിയുണ്ടാക്കിയ, കമുകും റംബുട്ടാനുo മാങ്കോസ്റ്റിനും ഗ്രാമ്പൂവുമൊക്കെ സ്വാഗതമോതുന്ന വഴിയിലൂടെ ഇറങ്ങി കോട്ടപുഴയുടെ കുറുകെയുള്ള ഒരു തൂക്കുപാലം കഴിഞ്ഞ് ഞങ്ങൾ രാവിലെ കയറി വന്ന ജീപ്പ് റോഡിലേക്കെത്തി . അവിടെ വച്ച് ചെറിയൊരു വിശ്രമം, കൈവശം ബാക്കിയുണ്ടായിരുന്ന അണ്ടിപ്പരിപ്പ്, കടലമുഠായി, ഓറഞ്ച് എല്ലാം ആഘോഷത്തോടെ പങ്കുവെച്ചു .

            വീണ്ടും .............



        എല്ലാവരും ആഘോഷത്തോടെ സന്തോഷത്തോടെ ക്ഷീണമറിയാതെ മുന്നോട്ട്.... പെട്ടെന്ന് ...... മുന്നേ പോയ ടോമിച്ചായൻ വീണ്ടും ചുണ്ടത്ത് വിരൽവച്ചു കൊണ്ട് , കൈയിൽ ഉള്ള വെട്ടുകത്തി വീശിക്കൊണ്ട് അവിടെ നിൽക്കാൻ ആംഗ്യം കാട്ടി . മുന്നിൽ ആനക്കൂട്ടമുണ്ടെന്നും അവർ പുഴയിലേക്ക് വെള്ളം കുടിക്കാൻ പോവുകയാണ് ഇപ്പോൾ റോഡ് മുറിച്ച് കടന്ന് പോകുന്നത് കാണാമെന്നും അറിയിച്ചു . എല്ലാവരും നിശബ്ദരായി....... ആകാംക്ഷയോടെ, സന്ദേഹത്തോടെ , ചെറിയ ഭയത്തോടെ മുന്നിലേക്ക് നോക്കി റോഡിൽ കട്ടകുത്തി ഇരുന്നു . സുസ്മിത് തൻ്റെ കാമറക്കണ്ണുകൾ ഒരു വലിയവിരുന്നു കിട്ടിയ പോലെ ഒരുക്കി വച്ചു .

                  ശ്വാസം വിടുന്ന ശബ്ദം വരെ വ്യക്തമായി കേൾക്കാവുന്ന നിശ്ശബ്ദത . അതാ....... ആദ്യത്തെ ആന വഴിയിലേക്കിറങ്ങുന്നു പുറകേ മറ്റൊന്ന് ഒപ്പം ഒരു കുട്ടിയാന തുള്ളിക്കൊണ്ട്, അതിനു പിന്നാലെ അതിനേക്കാൾ മുതിർന്ന ഒന്ന് , വീണ്ടും വലുതൊന്ന് അതിനെ ഉന്തിത്തള്ളിക്കൊണ്ട് മറ്റൊരു കുട്ടിയാന....... ആകെ 10 പേർ അവർ റോഡ് മുറിച്ച് ശാന്തരായി കടന്നുപോയി അതോടെ ഞങ്ങടെ ശ്വാസവും നേരെ വീണു . കുശുകുശുക്കലുകൾ അവിടവിടെ കേട്ടു തുടങ്ങി എങ്കിലും ശബ്ദം പുറത്തേക്ക് വരുന്നില്ല . ടോമിച്ചായൻ കാടിൻ്റെ പരിചയം വച്ച് മുന്നോട്ട് പോയി നോക്കി, ആനക്കൂട്ടം താഴേക്ക് നീങ്ങി, ഭയക്കേണ്ട എല്ലാവരും നിശ്ശബ്ദരായി പോരുക എന്നറിയിച്ച് അദ്ദേഹം ഞങ്ങൾക്ക് വഴിയൊരുക്കി .എല്ലാവരും ആനക്കൂട്ടത്തെക്കണ്ട സന്തോഷത്തിലായിരുന്നു .

            പിന്നീടുള്ള യാത്ര നല്ല റോഡിലൂടെയായതിനാൽ പെട്ടെന്ന് തന്നെ TK കോളനി ഫോറസ്റ്റ് സ്റ്റേഷനിലെത്തി . അവിടെ വച്ച് കാട്ടിലെ അനുഭവങ്ങളെക്കുറിച്ചുള്ള പങ്കുവെയ്ക്കലുകളും കട്ടനടിയും ബിസ്കറ്റ് തീറ്റയും കഴിഞ്ഞ് ഒത്തിരി സന്തോഷവും മനസ്സിലെ നിറഞ്ഞ പുഞ്ചിരി ചുണ്ടത്തെത്തിച്ച് എല്ലാവരോടും യാത്ര പറയാതെ ഇനിയും കാണണം ഒത്തുകൂടണം എന്ന അറിയിപ്പോടെ ........



 

              ഞാൻ സാൻ്റി കരുവാരക്കുണ്ട് സ്വദേശി

 

 

 
 

Comments


bottom of page