ഒരു മധുരക്കിനാവിൽ....
ചില സ്വപ്നങ്ങൾ അങ്ങിനെയാണ്..
സഫലമാകാൻ ചില നാളുകൾ കാത്തിരുന്നാൽ മതിയാകാറില്ല...
അനന്തമായി നീണ്ടു പോകും..
അനന്തമായ കാത്തിരുപ്പുകൾക്കൊടുവിൽ ഫലപ്രാപ്തിയിലെത്തിയ ഒന്നായിരുന്നു ചെമ്പ്ര മലകയറ്റം എന്ന മധുരസ്വപ്നം. 1983 മുതൽ കാണുന്ന, കാത്തിരുന്ന ഒരു പ്രതീക്ഷയുടെ സഫലീകരണം. കാലചക്രത്തിൽ നാല്പതു വർഷം വളരെ ചെറിയ ഒരു കാലയളവാണ്. പക്ഷേ, ഒരു മനുഷ്യ ജീവിതത്തിന്റെ പാതിയോളം വരുമത്. ഗ്ലോബ്ട്രെക്കേർസ് പോലുള്ള ഒരു കുടുംബത്തിലെ അംഗങ്ങളുടെ സാമീപ്യത്തിനും കരുതലിനും കാരുണ്യത്തിനും വേണ്ടി കാലം കാത്തു വച്ചതായിരിക്കാം ഇത്രയും നീണ്ടൊരു കാത്തിരിപ്പ്. ചില കാത്തിരിപ്പുകൾ നമുക്ക് പലതിനേയും നഷ്ടപ്പെടുത്തിയേക്കാം. പക്ഷേ പകരം ലഭിക്കുന്നത് നഷ്ടപ്പെട്ടതിനേക്കാൾ പതിന്മടങ്ങ് വലിയ വിലയുള്ളതായിരിക്കും.
ആയിരത്തിലധികം അംഗങ്ങളുള്ള, ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ചാപ്റ്ററുകളുള്ള ഒരു സമൂഹമാണ് ഗ്ലോബ്ട്രെക്കേഴ്സ്. പ്രകൃതിയെ അതിന്റെ ആഴങ്ങളിലും അടരുകളിലും കയറ്റിറക്കങ്ങളിലും അടുത്തറിഞ്ഞ്, അവളുടെ പ്രാധാന്യം ജനസമൂഹത്തിനു മുന്നിൽ പങ്കു വച്ച്, നാം ജീവിക്കുന്ന പ്രപഞ്ചത്തിന്റെ പരിപാവനത്വം സംരക്ഷിക്കുന്നതിനും, പരിസ്ഥിതി സന്തുലിതാവസ്ഥ പരിരക്ഷിക്കുന്നതിനും പ്രതിജ്ഞ എടുത്തിട്ടുള്ള ഗ്ലോബ് ട്രെക്കേഴ്സ് ഇതിനോടകം എമ്പത്തഞ്ചിലധികം പ്രകൃതി പഠനയാത്രകൾ നടത്തിക്കഴിഞ്ഞു. ലോകത്തിന്റെ വിവിധ കോണുകളിലെ വ്യത്യസ്തമായ ജൈവവൈവിധ്യം പഠന വിധേയമാക്കുന്നതിനും പരിരക്ഷിക്കുന്നതിനും പ്രതിജ്ഞാബദ്ധമായ ഗ്ലോബ്ട്രെക്കേഴസ് എന്ന സമൂഹത്തിന്റെ വളരെ ചെറിയൊരു ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കു വക്കട്ടെ. ഉത്തരവാദിത്ത ടൂറിസവും എക്കോ ടൂറിസവും ഈ സമൂഹത്തിന്റെ പ്രവർത്തന മേഖലയിലുണ്ട് എന്നതും സന്തോഷകരമാണ്.
2023 ഡിസംബർ രണ്ടിന് ഗ്ലോബ് ട്രെക്കേഴ്സ് വയനാട് ചാപ്റ്ററിന്റെ നേതൃത്വത്തിൽ, അറുപതു വയസ്സ് കഴിഞ്ഞ അഞ്ചു പേരും പതിനഞ്ചു വയസ്സിൽ താഴെയുള്ള മൂന്നു പേരുമടങ്ങുന്ന പതിനേഴംഗങ്ങളുടെ ഒരു സംഘം ചെമ്പ്രയുടെ മുകളിലേക്ക് കയറുന്ന അതേ സന്ദർഭത്തിൽ, ലോകത്തിന്റെ മറ്റൊരു കോണിൽ ഗ്ലോബ് ട്രെക്കേഴസിന്റെ ദുബായ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ മറ്റൊരു വിഭാഗം ഇതേ പോലുള്ള വ്യത്യസ്തമായ മറ്റൊരു പഠന യാത്രയിൽ പങ്കെടുക്കുകയായിരുന്നു.
രണ്ടാം തീയതി രാവിലെ തന്നെ തയ്യാറായി. ഗ്ലോബ് ട്രെക്കേഴിസിന്റെ സ്ഥിരം സഹയാത്രികനും എന്റെ സഹോദരനുമായ മുരളിയുടെ കാറിൽ ആറു മണിക്കു തന്നെ പുറപ്പെട്ടു. വഴിയിൽ, കോളേരിയിൽ നിന്നും ശ്രീമതി ജലജയും ഒപ്പം ചേർന്നു. ഹിമാലയത്തിന്റെ ബേസ് ക്യാംപ് വരെ തന്റെ അറുപതാം വയസ്സിലും ചെന്നെത്തിയ ജലജ പത്രത്താളുകളിൽ ഈയിടെ ഇടം പിടിച്ചിരുന്നു. പർവതങ്ങളുടെ ഉയരങ്ങൾ താണ്ടുന്നതിന് പ്രായം ഒരു വിലങ്ങു തടിയല്ല എന്ന് സ്വാനുഭവങ്ങളിലൂടെ വ്യക്തത വരുത്തിയവരാണ് ജലജ. കല്പറ്റ സിവിൽ സ്റ്റേഷനു മുമ്പിൽ നിന്നും ഗ്ലോബ് ട്രെക്കേഴിസിന്റെ ജീവനാഡികളിലൊരാളായ ഷാജി സാർ കയറിയതോടെ സംഘത്തിന്റെ നിയന്ത്രണത്തോടൊപ്പം വാഹനത്തിന്റെ നിയന്ത്രണവും മുരളി അദ്ദേഹത്തിനു കൈമാറി. അതു വരെ സമതാളത്തിലായിരുന്ന കാർ കുതിച്ചു പാഞ്ഞു. കല്പറ്റ ടൌണിൽ നിന്നും രണ്ടു വാഹനങ്ങൾ കൂടി ഒരുമിച്ചു. ഒന്നിനെ നിയന്ത്രിച്ചിരുന്നത് ശ്രീ മാത്യുവും മറ്റൊന്നിനെ നയിച്ചിരുന്നത് ശ്രീ മാർസും ആയിരുന്നു.
നിശ്ചയിച്ചിരുന്നതു പോലെ, ഏഴു മണിക്കു തന്നെ ചെമ്പ്ര ഫോറസ്റ്റ് ഓഫീസിനു സമീപത്തു് എത്തിച്ചേർന്നു. വാഹനങ്ങളുടെ തിരക്ക് കൂടുതലാണ്. വനസംരക്ഷണ സമിതിയുടെ ഒരു വളണ്ടിയർ വാഹനങ്ങളെ നിയന്ത്രിക്കുന്നുണ്ട്. പല വാഹനങ്ങളിൽ നിന്നും വലിയ ശബ്ദത്തിലുള്ള പാട്ടുകൾ കേൾക്കാം. അവർക്കൊന്നും പക്ഷികളുടെ പാട്ടും പ്രകൃതിയുടെ സംഗീതവും വേണ്ടെന്നു തോന്നുന്നു. തിരക്കിനിടയിലും മാർസ് ചേട്ടൻ കയ്യിലുള്ള മുറിവ് വക വയ്ക്കാതെ, വഴിയരികിൽ നിന്നും വാതക്കൊടി വള്ളി മുറിച്ചെടുക്കുന്നുണ്ട്. ജലജയുടെ കണ്ണുകൾ ‘കോഴിപ്പൂ’വിന്റെ മേലാണ്. നാട്ടിൻ പുറങ്ങളിൽ നിന്നും അപ്രത്യക്ഷമായ കോഴിപ്പൂവിന്റെ വിത്തും തൈകളും കാട്ടിനുള്ളിൽ വലിഞ്ഞു കയറി പറിച്ചെടുക്കാൻ മുരളി ജലജയെ സഹായിക്കുന്നുണ്ട്.
ഷാജി സാർ ടിക്കറ്റ് കൌണ്ടറിലേക്കു പോയി. ഒരു ദിവസം ഇരുനൂറു പേർക്കു മാത്രമേ ചെമ്പ്രയിലേക്ക് കയറുവാൻ അനുവാദം നൽകുകയുള്ളു. ഇതു നേരത്തെ അറിയാമായിരുന്നതു കൊണ്ട് ടിക്കറ്റ് എടുക്കുന്നതിന് ജി.റ്റി. യുടെ (ഗ്ലോബ് ട്രെക്കേഴ്സ്) മൂന്ന് കുടുംബാംഗങ്ങൾ - ബിബിനയും ജിഷയും അനിൽജിത്തും – നേരത്തെ തന്നെ കൌണ്ടറിലെത്തിയിട്ടുണ്ട്. അഞ്ചു മണി മുതൽ ടിക്കറ്റ് കൌണ്ടറിനു മുമ്പിൽ ക്യൂ രൂപപ്പെട്ടിരുന്നു എന്ന് ബിബിനയുടെ ജീവിത പങ്കാളി കൂടിയായ ശ്രീ അനിൽ പറഞ്ഞു. ശ്രീ അനിൽ ഇ.എസ്. ഐ. കോർപ്പറേഷനിലെ ജീവനക്കാരനാണ്. അനിൽ. ബിബിന, ജിഷ എന്നിവരോടൊപ്പം കാറിൽ ശ്രീമതി ദീപികയും മകൻ നുമിയും വന്നിട്ടുണ്ട്. ജി.റ്റി. യുടെ ട്രെക്കിംഗിലെ സ്ഥിരസാന്നിദ്ധ്യമാണ് ബാംഗ്ലൂരിൽ നിന്നുള്ള ശ്രീമതി ദീപിക. പത്തു വയസ്സുള്ള മകൻ നുമിയും വളരെ ചെറുപ്പത്തിലെ തന്നെ പ്രകൃതിയെ പഠിക്കുവാൻ തയ്യാറായിരിക്കുന്നു.
ഷാജി സാറും ടീമും ടിക്കറ്റുമായെത്തി. അഞ്ചു പേരടങ്ങുന്ന ഒരു ട്രെക്കിംഗ് സംഘത്തിന് ആയിരത്തി അഞ്ഞൂറു രൂപയാണ് ടിക്കറ്റ് നിരക്ക്. ടീമിലെ തുടർന്നുള്ള ഓരോ അംഗത്തിനും ഇരുനൂറു രൂപ വീതം നൽകേണ്ടതായിട്ടുണ്ട്. കാറുകൾ പാർക്കിംഗ് ഗ്രൌണ്ടിൽ ഒതുക്കി. എല്ലാവരും വീട്ടിൽ നിന്നും നേരത്തെ പുറപ്പെട്ടതായതിനാൽ ഭക്ഷണം കഴിച്ചിരുന്നില്ല. കാര്യമായി ഭക്ഷണശാലകളൊന്നുമില്ല. വഴിയരികിലുള്ള തട്ടുകടയിൽ ട്രെക്കിംഗിനു വന്ന ഇരുനൂറു പേരും ഉണ്ടെന്നു തോന്നി. നല്ല തിരക്ക്. കടയിലാണെങ്കിൽ ഒരേ ഒരാൾ മാത്രം. ഷാജി സാറും ശ്രീ സുനിലും ജി.റ്റി. യുടെ മേൽക്കുപ്പായം അഴിച്ചു വച്ചു. നേരിയ കഷണ്ടി കയറിയ, സുമുഖനായ ശ്രീ സുനിൽ, സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിലെ ഫിസിക്സ് അദ്ധ്യാപകനാണ്. പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു. ബ്രഡ് ഓംലറ്റ്, ദോശ, ഉപ്പുമാവ്, ചായ, കാപ്പി (മധുരമിട്ടതും ഇടാത്തതും, ലൈറ്റും സ്ട്രോങ്ങും) എല്ലാം നിമിഷം കൊണ്ട് തയ്യാറായി. കടയുടെ ഉടമസ്ഥനും ജി.റ്റി. ടീമംഗങ്ങളുമൊഴിച്ചുള്ളവർ ഷാജിയും സുനിലും കടയിലെ പാചകക്കാരോ എടുത്തു കൊടുപ്പുകാരോ ആണെന്നാണ് ധരിച്ചത്. ടീമംഗങ്ങൾക്കു പുറമെ, തമിഴ്നാട്ടിൽ നിന്നും വന്ന മല കയറ്റക്കാരേയും ഭാഷയുടെ പരിമിതികൾക്കപ്പുറത്ത് പശി അടക്കുന്നതിന് സഹായിക്കാൻ ഷാജി സാറിനും സുനിൽ സാറിനും കഴിഞ്ഞു.
ഇന്ത്യയുടെ ദേശീയ പാനീയമായ ചായ മൊത്തിക്കുടിക്കുന്നതിനിടയിൽ (ഇറാനിലേയും അഫ്ഗാനിസ്ഥാനിലേയും ദേശീയ പാനീയമാണ് ചായ), പണ്ടെങ്ങോ വായിച്ച തേയിലപുരാണം മനസ്സിലെത്തി. കമേലിയ സൈനൻസിസ് (Camelia Sinensis) എന്ന ശാസ്ത്രീയ നാമമുള്ള ഈ ചെടിയുടെ ഇലയിൽ തേയീൻ (തിയനിൻ) എന്ന രാസവസ്തുവും ടാനിക്കാസിഡും അടങ്ങിയിട്ടുണ്ട്. ചൈനയാണത്രേ തേയിലയുടെ ജന്മദേശം. ഏകദേശം ആറായിരം വർഷത്തിലധികമായി ചൈനയിൽ ചായയുടെ ഉപയോഗം തുടങ്ങിയിട്ട്. ലോകത്ത് ഏറ്റവും കൂടുതൽ ചായ ഉത്പാദിപ്പിക്കുന്ന രാജ്യം ചൈന തന്നെയാണ്. ഏറ്റവും കൂടുതൽ തേയില ഉപയോഗിക്കുന്നത് അയർലണ്ടിലും ബ്രിട്ടനിലുമാണ്. തേയില മരമായി വളർത്താനും കഴിയും. പക്ഷേ, ഇല നുള്ളാനുള്ള സൌകര്യത്തിനായി അവ കുറ്റിച്ചെടികളായാണ് പരിരക്ഷിക്കുന്നത്. ഇതിനായി മിക്കവാറും അഞ്ചു വർഷത്തിലൊരിക്കൽ ചെടികൾ കവാത്തു നടത്താറുണ്ട്. തണുപ്പും സൂര്യപ്രകാശവും നന്നായി ലഭിക്കുന്ന കുന്നിൻ ചെരിവുകളിലാണ് തേയില കരുത്തോടെ വളരുന്നത്.
ലോകത്തിലെ മിക്ക രാജ്യങ്ങളിലും ചായ ഉപയോഗിക്കുന്നുണ്ട്. ചായയിൽ പാലും പഞ്ചസാരയും ചേർത്ത് കഴിക്കാൻ തുടങ്ങിയത് ഇന്ത്യക്കാരാണെന്നും പറയുന്നു. ഇന്ത്യയിൽ തേയിലകൃഷി ആരംഭിച്ചത് ആസ്സാമിലാണ്. വിദേശികളുടെ വരവോടെ അത് വ്യാപകമായി. 1823ൽ അപ്പർ ആസാമിലെ കുന്നിൻ ചെരിവുകളിൽ ബ്രിട്ടീഷ് മേജർ റോബർട്ട് ബ്രൂസ് ആണത്രേ ഇന്ത്യയിൽ തേയില ചെടികൾ കണ്ടെത്തിയത്. തേയില കയറ്റുമതിയിൽ ഇന്ത്യയുടെ സ്ഥാനം രണ്ടാമതാണ് ലോകത്തിൽ. ആസ്സാം, പശ്ചിമ ബംഗാൾ, തമിഴ്നാട്, കേരളം, ഹിമാചൽ പ്രദേശ് എന്നിവയാണ് തേയില കൃഷി ചെയ്യുന്ന പ്രധാന ഇന്ത്യൻ സംസ്ഥാനങ്ങൾ. ലോകത്തിന്റെ ടീ ക്യാപ്പിറ്റൽ എന്നറിയപ്പെടുന്ന ഡാർജിലിംഗിലെ ചായയാണത്രേ ലോകത്തിലെ ഏറ്റവും മികച്ച ചായ. കടുത്ത നിറത്തിലുള്ള ഇലയ്ക്കും സുഗന്ധമുള്ള തേയിലപ്പൊടിക്കും പേരു കേട്ടതാണ് നീലഗിരി ചായ. ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിൽ നിന്നും നീലഗിരിയിലെ തേയിലയെ വേറിട്ടു നിർത്തുന്നത് തേയിലയുടെ വലുപ്പവും മണവുമാണ്. പഴച്ചാറിന്റെ രുചിയും കിലോക്ക് മൂവായിരത്തിലധികം ഡോളർ വിലയുമുള്ള ഓലോങ്ങ് ടീയെക്കുറിച്ച് വിക്കിപ്പീഡീയയിൽ വായിച്ചതോർത്തു. 1877ൽ കേരളവർമ്മ മഹാരാജാവ് ജോൺ മൺറോ എന്ന ഇംഗ്ലീഷുകാരനു മൂന്നാറിലെ കണ്ണൻ ദേവൻ കുന്നുകൾ പാട്ടത്തിനു നൽകിയതോടെയാണ് കേരളത്തിൽ തേയില കൃഷി ആരംഭിച്ചത്. കേരളത്തിൽ പ്രധാനമായും ഇടുക്കിയിലും വയനാട്ടിലുമാണ് തേയില കൃഷി ചെയ്യുന്നത്. വയനാട്ടിൽ തേയില കൃഷി ആരംഭിച്ചത് 1908ലാണെന്ന് അച്ചൂർ ടീ എസ്റ്റേറ്റിലെ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള രേഖകളിൽ നിന്നു മനസ്സിലാക്കാം. വയനാട്ടിലെ വൈത്തിരി, പൊഴുതന, മേപ്പാടി, മുപ്പൈനാട്, തവിഞ്ഞാൽ, തൊണ്ടർനാട്, മാനന്തവാടി തുടങ്ങിയ പ്രദേശങ്ങളിൽ തേയില കൃഷി ചെയ്യുന്നുണ്ട്.
ആന്റി ഓക്‌സിഡന്റുകളുടെ വളരെ സമ്പന്നമായ ഉറവിടമാണ് ചായ. ക്ഷോഭം, തലവേദന, നാഡീ പിരിമുറുക്കം, ഉറക്കമില്ലായ്മ എന്നിവയും ലഘൂകരിക്കുന്നു. ചായ കഴിക്കുന്നത് ഓർമ്മശക്തിയെ താൽക്കാലികമായി വർദ്ധിപ്പിക്കാനും സഹായകരമാണ് എന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു (അതു കൊണ്ടായിരിക്കാം കടുപ്പമുള്ള ചായ അകത്തു ചെന്നപ്പോൾ പണ്ടെങ്ങോ വായിച്ച കാര്യങ്ങൾ മനസ്സിലെത്തിയത്). ഹൗ ടുവോ എഴുതിയ ഒരു മെഡിക്കൽ ഗ്രന്ഥമനുസരിച്ച്, ഷാങ് രാജവംശത്തിന്റെ കാലത്ത് ചായ ചൈനയിലെ ഒരു ഔഷധ പാനീയമായിരുന്നുവത്രേ.
തേയിലയുടെ ഇല നനച്ച് മുറികളിലും മറ്റും വച്ചാൽ കൊതുക് വരില്ല എന്ന് പറയുന്നു.
“വേണുവേട്ടൻ വരുന്നില്ലേ?” ഷാജി സാർ വിളിച്ചപ്പോഴാണ് ചായ മാഹാത്മ്യത്തിൽ നിന്നും മോചിതനായത്. എല്ലാവരും ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കഴിഞ്ഞിരിക്കുന്നു. ഇവിടെ നിന്നും ഒരു കിലോമീറ്ററോളം നടക്കണം ട്രെക്കിംഗ് സ്റ്റാർട്ട് പോയിന്റിലേക്ക്. ഒരു വശത്ത് മലനിരകൾ. മറുവശത്ത് തേയിലത്തോട്ടവും. കൊളുന്തു നുള്ളുന്ന സഹോദരിമാരുമായി സൌഹൃദം പങ്കു വച്ച് മുന്നോട്ട്. ജി.റ്റി. ടീമിലെ ആരോ ഒരാൾ കൊളുന്ത് നുള്ളുവാൻ പരിശ്രമിക്കുന്നുണ്ട്. കൈകൾ വഴങ്ങുന്നില്ല. ശ്രമമുപേക്ഷിച്ച് ടീമിനോടൊപ്പം ചേർന്നു.
ഒമ്പതു മണി ആയിരിക്കുന്നു, വാച്ച് ടവറിനു സമീപമെത്തിയപ്പോൾ. ഇവിടെ നിന്നാണ് യഥാർത്ഥ ട്രെക്കിംഗ് ആരംഭിക്കുന്നത്. വാച്ച് ടവറിൽ കയറിയാൽ ചെമ്പ്ര മലനിരകളുടേയും മറുവശത്ത് വൈത്തിരി, ചുണ്ടേൽ, കല്പറ്റ തുടങ്ങിയ പ്രദേശങ്ങളുടേയും ദൂരക്കാഴ്ചകൾ ലഭിക്കും. ചെമ്പ്രയെ നേരിട്ടു കാണാൻ പോകുന്നതു കൊണ്ട് വാച്ച് ടവറിൽ കയറേണ്ടതില്ല എന്നു തീരുമാനമായി. വാച്ച് ടവറിനു സമീപം വാഷ് റൂമും മറ്റും ഒരുക്കിയിട്ടുണ്ട്. താഴെ ഭാഗത്ത് തയ്യാറാക്കിയിരിക്കുന്ന വിശ്രമസ്ഥലം കുരങ്ങന്മാരുടെ കൈവശത്തിൽ നിന്നും കുട്ടികൾ (ചില മുതിർന്നവരും) കയ്യടക്കി. പ്രതിഷേധത്തോടെ ആണെങ്കിലും പൂർവികരുടെ പിൻതുടർച്ചക്കാർ അവ നവ വാനരന്മാർക്ക് വിട്ടു കൊടുത്തു.
ഗ്ലോബ് ട്രെക്കേഴ്സിന്റെ എല്ലാ ട്രക്കിംഗുകളിലുമെന്നതു പോലെ, ഇവിടെയും ട്രെക്കിംഗിൽ സ്വീകരിക്കേണ്ട നടപടികൾ വിശദീകരിക്കുകയുണ്ടായി. ശ്രീ ഷാജി ആമുഖമായി പ്രകൃതിയുടെ, പരിസ്ഥിതിയുടെ സംരക്ഷണം എത്തരത്തിലൊക്കെയാണ് മനുഷ്യനെ മറ്റൊരുവനായി പുനർനിർമ്മിക്കുന്നതിനു സഹായകരമാകുക എന്ന് ഭംഗിയായി വിശദീകരിച്ചു. ട്രെക്കിംഗിൽ കൈക്കൊള്ളേണ്ടുന്ന സമീപനം എന്തായിരിക്കണമെന്നും, വനമേഖലയിൽ എങ്ങിനെ മരങ്ങളോടും പുല്ലിനോടും പുഴുക്കളോടും പ്രപഞ്ചത്തോടും സംവദിക്കാമെന്നും അവ നമ്മിൽ അന്തർലീനമായിരിക്കുന്ന ശാന്തതയെ എപ്രകാരം സമൂഹത്തിന് ഉപകരിക്കുന്ന തരത്തിൽ വളർത്തി എടുക്കാൻ കഴിയുമെന്നും ശ്രീ സുനിൽ അവതരിപ്പിച്ചു.
മുന്നോട്ട്...
സമുദ്ര നിരപ്പിൽ നിന്നും 2100 മീറ്റർ (6890 അടി) മുകളിലാണ് ചെമ്പ്രയുടെ ശിരസ്സ്. ഊട്ടി വഴി വയനാട്ടിലെത്തിയ ബ്രിട്ടീഷുകാരാണ് ചെമ്പ്രയുടെ സാധ്യതകൾ ആദ്യം മനസ്സിലാക്കിയത്. തമിഴ്നാട്ടിലെ നീലഗിരി മലനിരകളും കോഴിക്കോട് ജില്ലയിലെ വെള്ളരിമലയും പശ്ചിമഘട്ട മേഖലയിലുൾപ്പെടുന്ന വയനാടൻ കുന്നുകളും സംഗമിക്കുന്ന ഈ ശാദ്വലഭൂമി, വയനാട്ടിലെ ഏറ്റവും ഉയരം കൂടിയ മലനിരകളിലൊന്നാണ്. ആനമുടി (2695 മീറ്റർ), മീശപ്പുലിമല (2640 മീറ്റർ), മൂക്കുത്തിമല (2554 മീറ്റർ), കുമരിക്കൽ മല (2522 മീറ്റർ), ദേവിമല (2521 മീറ്റർ), അങ്കിണ്ടമുടി (2382 മീറ്റർ) എന്നിവയാണ് കേരളത്തിലെ ഉയരം കൂടിയ മലനിരകൾ എന്നാണ് ഗൂഗിളിൽ പരതിയപ്പോൾ ലഭിച്ച വിവരം.
മഴ മാറിയതു കൊണ്ടാണെന്നു തോന്നുന്നു അട്ടകളുടെ ശല്യമില്ലാതെ സംഘാംഗങ്ങൾ മുന്നോട്ട്. ജി.റ്റി. യോടൊപ്പം ബാണാസുര മല കയറാൻ പോയപ്പോൾ കാലിനെ പൊതിഞ്ഞ അട്ടകളെപ്പറ്റിയുള്ള കയ്പ്പേറിയ സ്മരണകൾ. കൂട്ടത്തിലെ കുരുന്നുകളായ നുമി, അഹമ്മദ് ഭക്ത്യാർ (സുൽത്താൻ ബത്തേരിയിലെ വ്യവസായ പ്രമുഖനായ ഒരാളുടെ മകനാണ് പത്തു വയസ്സിൽ താഴെ മാത്രം പ്രായമുള്ള ഭക്ത്യാർ. മണിച്ചിറയിലെ മക് ലോഡ്സ് സ്കൂളിലെ വിദ്യാർത്ഥി. ജി.റ്റി. യിലുള്ള പൂർണ്ണ വിശ്വാസത്തിൽ ഭക്ത്യാറോടൊപ്പം രക്ഷിതാക്കളാരുമില്ല. വളരെ ചെറുപ്പത്തിലെ സ്വാശ്രയത്വവും ആത്മവിശ്വാസവും വളർത്തിയെടുക്കുന്നതിന് ഇത്തരം യാത്രകൾ കുട്ടിയെ പ്രാപ്തനാക്കുന്നുണ്ട്), മാർസ് ചേട്ടന്റെ കൊച്ചു മകൻ ആദർശ് (ചെറുകാട്ടൂർ സെന്റ് ജോസഫ്സ് സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥി) എന്നിവരോടൊപ്പം മുന്നോട്ടു നടക്കുമ്പോൾ, ഈ കുട്ടികളുടെ ഭാഗ്യത്തെപ്പറ്റി ചിന്തിക്കുകയായിരുന്നു. വളരെ ചെറുപ്പത്തിലെ പ്രകൃതിയെ അടുത്തറിയുന്നതിനും അതിനോടൊപ്പം അലിഞ്ഞു ചേരുന്നതിനും സാധിക്കുന്നല്ലോ. യാതൊരു കൂസലുമില്ലാതെയാണ് മൂന്നു പേരും മലനിരകളെ മറി കടക്കുന്നത്.
ആദർശിനു പുറമേ മാർസ് ചേട്ടന്റെ കൊച്ചു മക്കളായ ആദിൽ, ആനന്ദ് എന്നിവരോടൊപ്പം അവരുടെ സുഹൃത്ത് അഖിൽ ബിനോദ് എന്നിവരും സംഘത്തിലുണ്ട്. നാലു ഫ്രീക്കന്മാരേയും ചേർത്ത് എ ഗ്രൂപ്പ് എന്നാണ് ജലജ അവരെ വിളിക്കുന്നത്. ചെറുപ്പത്തിന്റെ ഊർജ്ജസ്വലതയും പ്രസരിപ്പും ഒരല്പം തിടുക്കവുമുള്ള എ ഗ്രൂപ്പിന്റെ കൂടെയാണ് ഞാൻ നീങ്ങിയത്. കുത്തനെയുള്ള ചില കയറ്റങ്ങളിൽ അവരോടൊപ്പമെത്താൻ അല്പം പ്രയാസപ്പെട്ടു എങ്കിലും സീനിയേർസിന്റെ അഭിമാനം കാക്കുന്നതിന് കഴിഞ്ഞു. കമ്പനി സെക്രട്ടറിഷിപ്പിനു പഠിക്കുകയാണ് മൂന്നു പേരും.
വഴിയിലിടക്കിടക്ക് ഗൈഡുകൾ ശ്രദ്ധയോടെ കാത്തു നിൽക്കുന്നുണ്ട്. യാത്രികർ അറിയാതെ പോലും വഴി വിട്ട് വനത്തിലേക്കു കയറാതെ കരുതലോടെ കാത്തു നിൽക്കുകയാണവർ. പുൽ മേടുകൾക്കു സമീപമുള്ള ചോലകളിൽ വന്യമൃഗങ്ങളുടെ നിറസാന്നിദ്ധ്യമാണത്രേ.
പാതി വഴിയിലെത്തിയപ്പോൾ, കയറ്റത്തോട് ഏറ്റുമുട്ടുവാൻ മടിച്ച് ജിഷ മാറി നിൽക്കുകയാണ്. ഷാജി സാറും സുനിൽ സാറും മുരളിയും മറ്റും ബ്രീത്തിംഗ് എക്സർസൈസ് പഠിപ്പിച്ചും ജലജയും ദീപികയും ബിബിനയും ആത്മധൈര്യം പങ്കു വച്ചും പ്രോത്സാഹിപ്പിക്കുന്നുണ്ട്. കൂട്ടത്തിലെ പ്രായമേറിയ മാർസ് ചേട്ടന്റെ സാന്നിദ്ധ്യവും മനസാന്നിദ്ധ്യവും ജിഷക്ക് കൂടുതൽ കരുത്തു നൽകി. തുടർന്ന് യാത്രയിലൊരിടത്തും ജിഷ പിന്നിലേക്കു പോയില്ല. കരുത്തും കരുതലും കൂടെയുള്ളപ്പോൾ ഏതു മലയും കീഴടക്കാമെന്ന് ജിഷക്കു മനസ്സിലായി. കൊണ്ടു വന്നിരുന്ന വെള്ളം തീർന്നിരിക്കുന്നു. മലയുടെ പല ഭാഗങ്ങളിലും ശുദ്ധജലം സംഭരിക്കാനുള്ള സംവിധാനമുണ്ട്. കുപ്പികൾ വീണ്ടും നിറഞ്ഞു. പ്ലാസ്റ്റിക് ബോട്ടിലുകൾ അനുവദനീയമല്ല. കയ്യിൽ കരുതിയിരുന്ന പഴങ്ങളും ഉണക്ക മുന്തിരിയും കശുവണ്ടിയും കൽക്കണ്ടവും എള്ളുണ്ടയും പരസ്പരം പങ്കു വച്ചു കഴിച്ചപ്പോൾ വിശപ്പിനോടൊപ്പം ക്ഷീണവും അകന്നു പോയി. പങ്കു വയ്ക്കലുകളുടെ പ്രാധാന്യം.
ചെമ്പ്ര മല കയറ്റക്കാർക്ക് അനുവദനീയമായ പരിധിയിലെത്തിയിരിക്കുന്നു. പ്രസിദ്ധമായ ഹൃദയസരസ്സിനടുത്ത്. ഇനി മുകളിലേക്ക് കയറുവാൻ അനുവാദമില്ല. ഏകദേശം 2 കി.
മീറ്റർ ദൂരം കൂടി കയറിയാലേ മുകളിലെത്തുകയുള്ളു. ആരും കണ്ണു വെട്ടിച്ച് കയറി പോകാതിരിക്കാനുള്ള കരുതലാണെന്നു തോന്നുന്നു ഇവിടെ ഗൈഡുകളുടെ എണ്ണം കൂടുതലാണ്. തടാകത്തിനടുത്തേക്കു പോകുന്നതിനു മുമ്പ് എല്ലാവരും നിരപ്പായ ഒരു സ്ഥലത്ത് വട്ടമിട്ടിരുന്നു. ക്ഷീണമകറ്റുന്നതിനും ചില കാര്യങ്ങൾ അറിയുന്നതിനും.
യാത്രാരംഭത്തിൽ സൂചിപ്പിച്ച കാര്യങ്ങൾ ഒരിക്കൽ കൂടി ആവർത്തിക്കപ്പെട്ടു. പ്രപഞ്ചവും പ്രകൃതിയും ജീവജാലങ്ങളും മണ്ണും മരവും എപ്രകാരമാണ് പരസ്പര പൂരിതമാകുന്നത് എന്ന് ഗ്രാമീണ ബാങ്കിൽ നിന്നും വിരമിച്ച് പ്രകൃതി പഠനവും മറ്റുമായി കഴിയുന്ന മാത്യു സാർ വിശദീകരിച്ചത് എല്ലാവരും ശ്രദ്ധയോടെ കേട്ടിരുന്നു. ജി.റ്റി.യും പ്രകൃതിസംരക്ഷണവും എങ്ങിനെയൊക്കെയാണ് ബന്ധിക്കപ്പെട്ടിരിക്കുന്നത് എന്നും ജി.റ്റി. യുടെ നയസമീപനം എന്താണ് എന്നും ഷാജി സാർ അവതരിപ്പിച്ചതും പുതിയ അംഗങ്ങൾക്ക് നവ്യാനുഭവമായി.
തുടർന്ന് സംസാരിച്ച സുനിൽ സാർ എങ്ങിനെ പ്രകൃതിയെ അനുഭവിക്കാം എന്നു പഠിപ്പിച്ചു. എല്ലാവരോടും കണ്ണടച്ചിരിക്കാൻ ആവശ്യപ്പെട്ടു അദ്ദേഹം. ചുറ്റുമുള്ള ശബ്ദങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുവാൻ നിർദ്ദേശിച്ചു. കണ്ണുകൾ പതിയെ അടഞ്ഞു. ദൂരെ എവിടെയോ ഏതോ കാട്ടുകിളിയുടെ കരച്ചിൽ. തീറ്റ തേടിപ്പോയ അമ്മക്കിളിയെ നോക്കി കാത്തിരിക്കുന്ന കുഞ്ഞു കിളികളുടെ വിശപ്പ് കലർന്ന പായ്യാരം പറച്ചിൽ. ഇടതു വശത്തുള്ള ചോലയിൽ നിന്നാണെന്നു തോന്നുന്നു മാനുകൾ ചകിതമായി ശബ്ദമുണ്ടാക്കുന്നുണ്ട്. മരങ്ങളുടെ മറവിലെവിടെ എങ്കിലും രണ്ടു ക്രൂരമായ കണ്ണുകൾ അവയെ തുറിച്ചു നോക്കുന്നുണ്ടാകും. അടുത്തെവിടേയോ കളകളാരവത്തോടെ വെള്ളമൊഴുകുന്ന നേരിയ ശബ്ദം.
കുതിരക്കുളമ്പടിയുടെ ശബ്ദം അടുത്തു വരുന്നു. വിദേശികളാണ്. അവർക്ക് ഈ മലയും പരിസരവും പ്രിയപ്പെട്ടതായിരുന്നു. ഊട്ടി വഴി വന്ന അവർ പശ്ചിമഘട്ട മലനിരകളിൽ ചെമ്പ്രയിൽ മാത്രമാണ് തമ്പടിച്ചത്. പ്രകൃതിയുടെ സംഗീതം അത്ര മേൽ ഹൃദ്യമാണിവിടെ. മലനിരകളുടെ ഇടത്താവളങ്ങളിലെവിടെയോ ഗോൾഫ് മൈതാനം. ശബ്ദമൊന്നും കേൾക്കുന്നില്ല. കടുത്ത തണുപ്പിൽ വിറച്ചു വീഴാതിരിക്കാൻ വിറകു കൂട്ടി തീയിട്ട് ചുറ്റുമിരിക്കുകയാണ് സ്ത്രീകളും പുരുഷന്മാരും. പൊട്ടിച്ചിരികൾ കേൾക്കാം. ഇത്ര മേൽ മനോഹരമായ മലനിരകളെ മാനിക്കാത്ത മലയാളിയെ ഓർത്തായിരിക്കാം വിദേശികളായ അവർ അട്ടഹസിക്കുന്നത്. തണുപ്പു കുറഞ്ഞു എന്നു തോന്നുന്നു. ടെന്നീസ് കോർട്ട് സജീവമായിരിക്കുന്നു. കുതിരലായത്തിൽ നിന്നും കുളമ്പടികൾ കേൾക്കുന്നുണ്ട്.
“വേണുവേട്ടാ പോകാം?” വീണ്ടും ഷാജി സാർ. സുന്ദരികളായ മദാമ്മമാരുടെ ടെന്നീസ് കളി ആസ്വദിക്കാൻ സമ്മതിച്ചില്ല ഷാജി സാർ. കന്യാവനങ്ങളായിരുന്ന ചെമ്പ്ര മലനിരകളിൽ അധിനിവേശം നടത്തി മലയുടെ മാദകസൌന്ദര്യം ആദ്യം നുകർന്ന, കവർന്ന സായിപ്പന്മാരോടുള്ള അസൂയ മനസ്സിലൊളിപ്പിച്ചു.
മിക്കവരും മുന്നോട്ടു പോയിരിക്കുന്നു. ഹൃദയ തടാകം പശ്ചാത്തലമാക്കി ചിത്രങ്ങളെടുക്കുകയാണ് മിക്കവരും. കൂട്ടത്തിലെ പ്രധാന ഫോട്ടോഗ്രാഫർ ശ്രീ അനിൽജിത്താണ്. കല്പറ്റയിലെ ഓഫീസിൽ നിന്നും എമിലിയിലെ താമസ സ്ഥലത്തു നിന്നും ദിവസേന കാണുന്നതാണ് ചെമ്പ്രയെ അനിലും ബിബിനയും. ഇവിടെത്താൻ വൈകിയതിന്റെ നിരാശയൊന്നും അവരുടെ മുഖത്തില്ല. തങ്ങളുടേയും കൂട്ടത്തിലുള്ളവരുടേയും ചിത്രങ്ങൾ മനോഹരമായ ഫ്രെയിമുകളിലേക്ക് പകർത്തുന്നതിൽ വ്യഗ്രത പൂണ്ടിരിക്കുകയാണ് രണ്ടു പേരും. മൊബൈലിനു പകരം ഒരു ക്യാമറയുമായി വരാത്തതെന്തേ എന്ന എന്റെ ചോദ്യത്തിന് അർത്ഥവത്തായ ഒരു ദീർഘനിശ്വാസമായിരുന്നു എ ഗ്രൂപ്പിലെ ആനന്ദിൽ നിന്നും പുറത്തു വന്നത്. മൊബൈലിൽ വിവിധ ആംഗിളുകളിൽ, ചാഞ്ഞും ചരിഞ്ഞും വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ ഫോട്ടോഗ്രാഫറാകാനായിരുന്നു തനിക്ക് താത്പര്യം എന്ന് പറയാനും ആനന്ദ് മടിച്ചില്ല. സാരമില്ല, ഇനിയും സമയമുണ്ട് എന്ന ആശ്വാസവചനത്തിനും ദീർഘനിശ്വാസമായിരുന്നു ആനന്ദിന്റെ മറുപടി.
സാഹസികരെ പോലെ തന്നെ പ്രണയികളേയും കൊതിപ്പിക്കുന്നതാണ് ചെമ്പ്ര. പ്രകൃതി കനിഞ്ഞരുളിയ ഹൃദയാകൃതിയിലുള്ള ചെറിയ തടാകം. ചിത്രങ്ങൾ പകർത്താനും ഹൃദയങ്ങൾ പങ്കിടാനും പ്രണയികളെ മാടി വിളിക്കുന്ന ഈ തടാകത്തിൽ ഒരിക്കലും വെള്ളം വറ്റാറില്ല. തടാകം വലം വച്ച് വയനാടിന്റെ വിവിധ ദൃശ്യങ്ങൾ പകർത്തി, മലനിരകളെ മനം കവരുന്ന തരത്തിൽ ചിത്രങ്ങളിലാക്കി മുന്നോട്ട് പോകുകയാണ് ടീമംഗങ്ങൾ. ദൂരെ കല്പറ്റ മൈലാടുംപാറ. നഗരത്തിന്റെ കാഴ്ചകൾ. വൈത്തിരിയിലെ ഉയരം കൂടിയ ഫ്ലാറ്റുകളും ചുണ്ടേലങ്ങാടിയും കണ്ണുകൾക്കെത്താവുന്ന ദൂരത്തിൽ. എല്ലാം ഉപേക്ഷിച്ച് മലയിറങ്ങുവാൻ മനസ്സു മടിക്കുന്നു. ഷാജി സാറും സുനിൽ സാറും ടീമംഗങ്ങളുടെ ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ഫോട്ടോ എടുക്കുന്നതിന് ഒരു ഗൈഡിന്റെ സഹായം തേടി. ഫോട്ടോ സെഷൻ അവസാനിപ്പിച്ച് എല്ലാവരേയും മടക്കയാത്രക്കു പ്രേരിപ്പിക്കുകയാണ്. പോകാം.
വെയിലിനു ശക്തി കൂടുന്നുണ്ടെങ്കിലും ചൂട് അനുഭവപ്പെടുന്നില്ല. മനസ്സു പോലെ പ്രകൃതിയും ശാന്തമാണ്. നേരിയ തണുപ്പും കുളിർ കാറ്റും. ക്ഷീണമേതും തോന്നാതെ തിരികെ യാത്ര. 1600 മീറ്ററിലധികം ഉയരത്തിൽ എത്തിയതിന്റേയോ മലമടക്കുകളെ കാൽ കീഴിലാക്കിയതിന്റേയോ അഹങ്കാരം ആരുടേയും മുഖത്തില്ല. ഏതോ അടുത്ത ബന്ധുവിനേയോ സുഹൃത്തിനേയോ സകുടുംബം സന്ദർശിച്ച് മടങ്ങിയതു പോലെ. മുഖങ്ങളിൽ നിന്നും ആകുലതകൾ മറഞ്ഞിരിക്കുന്നു. സംതൃപ്തരാണെല്ലാവരും. മലയിറങ്ങി താഴെ എത്തുമ്പോഴേക്കും വിഭവ സമൃദ്ധമായ ഭക്ഷണം തയ്യാറാണ്. കല്പറ്റയിലെ ഒരു ചെറിയ കുടുംബമാണ് സ്വാദിഷ്ടമായ ഭക്ഷണവും സംതൃപ്തി തുളുമ്പുന്ന മുഖഭാവവുമായി താഴെ ഞങ്ങളെ കാത്തിരുന്നത്. ഭക്ഷണം വിളമ്പുന്നിടത്ത് വാനരന്മാരുടെ തിക്കും തിരക്കും. വടിയുമായി അവരെ ഓടിക്കുവാൻ ശ്രമിക്കുന്നുണ്ട് ഞങ്ങളുടെ ആതിഥേയ.
എല്ലാവരും അവരവരുടെ വാഹനത്തിലേക്ക്. മാർസ് ചേട്ടനും മക്കളും കയറിയ കാർ യാത്ര പറഞ്ഞ് പിരിഞ്ഞു. വളവും തിരിവുമുണ്ടെങ്കിലും വീതി കുറഞ്ഞതാണെങ്കിലും വഴി താരതമ്യേന ഭേദപ്പെട്ടതാണ്. വഴിയിലൊരിടത്ത് ഒരു വാട്ടർ പൈപ്പിനു മുന്നിൽ ഞങ്ങളുടെ അന്നദാതാക്കളായ ദമ്പതികൾ വാഹനം നിർത്തി ഭക്ഷണം കഴിക്കുന്നുണ്ട്. ഇവിടെ കുരങ്ങന്മാരുടെ ശല്യമില്ല. കാർ നിർത്തി, ഒരിക്കൽ കൂടി നന്ദി പറഞ്ഞു അവർക്ക്.
തിരിഞ്ഞു നോക്കുമ്പോൾ ചെമ്പ്ര മറ്റൊരു രൂപത്തിലാണ്. മൂടൽ മഞ്ഞും മഴക്കാറുകളും പുൽമേടുകളെ പാടെ മറച്ചിരിക്കുന്നു. അപ്പൂപ്പൻ താടി പോലെ നരച്ചിരിക്കുന്നു മലമുടികൾ. പ്രകൃതിയുടെ മറ്റൊരു വികൃതി. തിരികെയുള്ള യാത്രാ പരിപാടിയിൽ നേരിയ മാറ്റം വരുത്തിയിരിക്കുന്നു ഷാജി സാർ. ജി.റ്റി. യുടെ സന്തത സഹചാരിയും കോട്ടനാട് എസ്റ്റേറ്റിന്റെ മാനേജരുമായ ശ്രീ മധു ബൊപ്പയ്യ വൈകുന്നേരത്തെ ചായ അദ്ദേഹത്തോടൊപ്പമാകാം എന്ന് അറിയിച്ചിട്ടുണ്ടത്രേ. മേപ്പാടിയിൽ നിന്നും ചുണ്ടേലിലേക്കുള്ള (കാലിക്കറ്റ് – വൈത്തിരി ഗൂഡലൂർ റോഡ്) റോഡിൽ നിന്നും എസ്റ്റേറ്റ് റോഡിലൂടെ ബംഗ്ലാവിലേക്ക്. വലിയ ശരീരവും അതിലും വലിയ മനസ്സുമായി മധു സാർ കാത്തിരിക്കുന്നു. കാപ്പിയും കുരുമുളകും കൃഷി ചെയ്തിരിക്കുന്ന തോട്ടത്തിൽ ലിച്ചി തുടങ്ങിയ പഴങ്ങളുടെ വൃക്ഷങ്ങളും നട്ടു പിടിപ്പിച്ചിട്ടുണ്ട്. ഭാര്യയും മക്കളും സ്കൂളിൽ നിന്നും തിരിച്ചു വന്നിട്ടില്ല. ചായപലഹാരങ്ങളും ജി.റ്റി. യോടൊപ്പമുള്ള അനുഭവ സാക്ഷ്യങ്ങളും പങ്കു വച്ചു മധു സർ. നിറഞ്ഞ മനസ്സും വയറുമായി മടങ്ങുമ്പോൾ മണി നാലര.
ഷാജി സാറിനെ സിവിൽ സ്റ്റേഷനിൽ ഇറക്കി, മുരളി ഡ്രൈവിംഗ് ഏറ്റെടുത്തു. അഞ്ചു മണിക്കു വീട്ടിലെത്തുമ്പോൾ, ക്ഷീണമേതും തോന്നിയില്ല. നാലു പതിറ്റാണ്ടു നീണ്ട സ്വപ്നത്തിനു ജി.റ്റി. യുടെ നേതൃത്വത്തിൽ പരിസമാപ്തി.
നന്ദി...
വേണുഗോപാലൻ എൻ പി
9446163029
(He is retired from Governement of Kerala and living in Wayanad)
Comments